 |
| |
| കുടിയേറ്റ ജീവിതം പരിചയപ്പെടുത്താന്‍ സ്കൂള്‍ വളപ്പില്‍ നിര്‍മിച്ച ഏറുമാടം കൌതുകമാകുന്നു | | | കട്ടപ്പന: പൂപ്പാറ മുരിക്കുംതൊട്ടി മരിയാഗൊരേത്തി സ്കൂളിലെ കുട്ടികള്‍ ഇപ്പോള്‍ നിലത്തല്ല, സന്തോഷം കൊണ്ടും നില്‍പ്പുകൊണ്ടും!. സ്കൂള്‍ വളപ്പില്‍ ഉയര്‍ത്തിയിരിക്കുന്ന ഏറുമാടമാണ് കുട്ടികള്‍ക്കു കൌതുകവും ആവേശവുമായി മാറിയിരിക്കുന്നത്.
കുടിയേറ്റ നാളുകളിലെ ജീവിതം പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തിക്കൊടുക്കാനാണ് സ്കൂള്‍ വളപ്പിലെ മരത്തില്‍ ഏറുമാടം നിര്‍മിച്ചത്. വന്യമൃഗങ്ങളുടെയും മറ്റും ആക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ പണ്ട് ഇത്തരം ഏറുമാടങ്ങളിലാണു തങ്ങളുടെ മുന്‍തലമുറ കഴിഞ്ഞിരുന്നതെന്ന കാര്യം അദ്ഭുതത്തോടെയും അമ്പരപ്പോടെയുമാണ് കുട്ടികള്‍ ഉള്‍ക്കൊണ്ടതെന്നു അധ്യാപകര്‍ പറയുന്നു. സ്കൂള്‍ അങ്കണത്തിലെ വാകമരത്തില്‍ 20 അടി ഉയരത്തില്‍ യൂക്കാലിപ്റ്റ്സ് തടികളും കവുങ്ങ് വാരികളും ഉപയോഗിച്ചാണ് ഏറുമാടം നിര്‍മിച്ചിരിക്കുന്നത്.
1952 ല്‍ ഈ മേഖലയില്‍ കുടിയേറിയവരുടെ ഇളംതലമുറക്കാരായ 250-ഓളം കുട്ടികളാണ് അഞ്ചു മുതല്‍ ഏഴുവരെ ക്ളാസുകളില്‍ ഇവിടെ പഠിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇവിടെ കാട്ടാന ഇറങ്ങി കൃഷികള്‍ നശിപ്പിച്ചു ഭീതി പരത്തിയിരുന്നു. ഇതോടെയാണു ഇതിനേക്കാള്‍ രൂക്ഷമായ സാഹചര്യങ്ങളിലാണു മുന്‍തലമുറ ഇവിടെ ജീവിച്ചതെന്ന കാര്യം കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കണമെന്ന് അധ്യാപകര്‍ തീരുമാനിച്ചത്. ഇക്കാര്യങ്ങള്‍ കുട്ടികള്‍ക്കു കൂടുതല്‍ അനുഭവവേദ്യമാകണമെന്ന ചിന്തയും ഏറുമാടം നിര്‍മിക്കുന്നതിലേക്കു നയിച്ചു.
ഏറുമാടം കെട്ടിയും പാട്ട കൊട്ടിയും ആഴികൂട്ടിയും വന്യമൃഗങ്ങളെ ഓടിച്ചുവിട്ട് കൃഷിചെയ്തു കഴിഞ്ഞുകൂടിയ പഴയകാലത്തിന്റെ സ്മരണകള്‍ കുട്ടികള്‍ക്കു പങ്കുവയ്ക്കുന്നതില്‍ പ്രധാനി സ്കൂളിലെ പ്രഥമാധ്യാപകനും സ്ഥലവാസികൂടിയായ ആലനോലിക്കല്‍ ജോസ് ജോസഫാണ്. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് വടകരയുടെ പിന്തുണയും ഇതിനുണ്ട്. ഏറുമാടം കൂടാതെ പുല്ലുമേഞ്ഞ കുടിലുകളും സ്കൂള്‍ മുറ്റത്തു കുട്ടികളുടെ നേതൃത്വത്തില്‍ പൂന്തോട്ടവും നിര്‍മിച്ചിട്ടുണ്ട്. പ്രകൃതിയുടെ മടിത്തട്ടിലിരുന്നു പാഠങ്ങള്‍ പഠിപ്പിക്കാന്‍ അവസരമൊരുക്കിയിട്ടുള്ള സ്കൂളില്‍ ഖാദി യൂണിഫോം പ്രോത്സാഹിപ്പിച്ചും അധ്യാപകര്‍ മാതൃകയാകുന്നു.
രണ്ടുവര്‍ഷം മുമ്പാണു ഖാദി യൂണിഫോം സ്കൂളില്‍ ഏര്‍പ്പെടുത്തിയത്. ആഴ്ചയില്‍ ഒരുദിവസവും വിശേഷദിവസങ്ങളിലും വെള്ള ഖാദി കുര്‍ത്തയും പൈജാമയും ധരിച്ചാണു കുട്ടികള്‍ സ്കൂളില്‍ എത്തുന്നത്. |
|
|