മുലായം ബിജെപി ഏജന്റെന്ന് കോണ്‍ഗ്രസ് വക്താവ്
 
ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് ബിജെപിയുടെ ഏജന്റാണെന്ന് കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വി. മുലായത്തിന്റെ ലക്ഷ്യം രാഷ്ട്രീയ നേട്ടങ്ങള്‍ മാത്രമാണെന്നും റഷീദ് ആല്‍വി പറഞ്ഞു. മൊറാദാബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് മുലായത്തെ ആല്‍വി രൂക്ഷമായി വിമര്‍ശിച്ചത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജിയെ വിജയപ്പിക്കണമെങ്കില്‍ സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണ നിര്‍ണായകമായിരിക്കുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് വക്താവ് നടത്തിയ പരാമര്‍ശം കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് കരുതുന്നത്. മുലായത്തിനെതിരായ പരാമര്‍ശത്തില്‍ ആല്‍വി മാപ്പു പറയണമെന്ന് സമാജ്വാദി പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. മുലായത്തിന് ആല്‍വിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും സമാജ്വാദി പാര്‍ട്ടി വക്താവ് പറഞ്ഞു.