രാഷ്ട്രപതി സ്ഥാനാര്‍ഥി: ബിജെപി പിന്തുണ സാംഗ്മയ്ക്ക്
 
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ.സാംഗ്മയെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനം. അകാലിദളിന്റെയും എഐഎഡിഎംകെയുടെയും ബിജു ജനതാദളിന്റെയും പിന്തുണയും സാംഗ്മയ്ക്ക് ലഭിക്കുമെന്ന് പാര്‍ട്ടി തീരുമാനം വിശദീകരിച്ചുകൊണ്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് പറഞ്ഞു. പാര്‍ട്ടി മുഖ്യമന്ത്രിമാരുമായും നേതാക്കളുമായും ചര്‍ച്ച ചെയ്തതിനുശേഷമാണ് തീരുമാനമെടുത്തതെന്നും സുഷമ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രപതിതെരഞ്ഞെടുപ്പ് സംബന്ധിച്ച് എന്‍ഡിഎയില്‍ സമവായമുണ്ടാക്കാനാവാത്ത സാഹചര്യത്തിലാണ് സാംഗ്മയെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിച്ചതെന്നും സുഷമ പറഞ്ഞു. രാഷ്ട്രപതി സ്ഥാനത്തേക്ക് ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമായിരിക്കെയാണ് കഴിഞ്ഞ ദിവസം എന്‍സിപിയില്‍ നിന്ന് രാജിവെച്ച പി.എ.സാംഗ്മയ പിന്തുണ നല്‍കാന്‍ ബിജെപി തീരുമാനിച്ചത്. അതേസമയം, യുപിഎ സ്ഥാനാര്‍ഥിയായ പ്രണാബ് മുഖര്‍ജിയ്ക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന ഉറച്ച നിലപാടിലാണ് ജനതാദള്‍ യുണൈറ്റഡ് ഇപ്പോഴും. പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനവും ഇന്ന് പ്രഖ്യാപിക്കും. ശിവസേനയും പ്രണാബിന് പിന്തുണ അറിയിച്ചിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണാബിനെ പിന്തുണയ്ക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇടതുകക്ഷികള്‍ ഇന്ന് യോഗം ചേരും. പ്രണാബിനെ പിന്തുണയ്ക്കണമെന്ന് സിപിഎമ്മിലെ ബംഗാള്‍ ഘടകം വാദിക്കുമ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ട്.