ശെല്‍വരാജിനൊപ്പം സിപിഎം വിട്ട അംബ്രോസിനും തെരഞ്ഞെടുപ്പില്‍ ജയം
 
പാറശാല: പാറശാല പഞ്ചായത്തിലെ നെടുവാന്‍വിള വാര്‍ഡില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. സെല്‍വരാജിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎമ്മില്‍ നിന്നും പഞ്ചായത്തംഗ സ്ഥാനവും രാജിവച്ച വൈ.അംബ്രോസാണ് ഈ വാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ആകെ ഏഴ് സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.115 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആംബ്രോസ് വിജയിച്ചത്. മൊത്തം 599 വോട്ട് ആംബ്രോസിന് ലഭിച്ചു. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥിയായ സ്വതന്ത്രന്‍ അപ്പുജപമണിക്ക് 484 വോട്ടും ലഭിച്ചു. സി.പി.എം സ്ഥാനാര്‍ഥിയായ എന്‍.അപ്പുവിന് 280 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി രാജേന്ദ്രന് 58 വോട്ട് മാത്രമെ നേടാനായുള്ളു.