 |
| |
| ഉപകാരത്തിന്സമ്മാനമായി മുത്തം ചോദിച്ചു; തേടിവന്നതു പോലീസ് ! | | | | ഏറ്റുമാനൂര്‍: ഒരു വിദ്യാര്‍ഥിനിക്കു ചെയ്തുകൊടുത്ത സേവനത്തിനു പ്രത്യുപകാരമായി ഒരു മുത്തം ചോദിച്ചത് ഇത്രവലിയ കെണിയാകുമെന്ന് ഈ ഉദ്യോഗസ്ഥന്‍ മനസില്‍പ്പോലും ചിന്തിച്ചിട്ടുണ്ടാവില്ല. എംജി യൂണിവേഴ്സിറ്റിയിലെ സെലക്ഷന്‍ ഗ്രേഡ് ഓഫീസറാണു കക്ഷി. ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി യൂണിവേഴ്സിറ്റിയിലെത്തിയത് എസ്എംഇയിലേക്കുള്ള അപേക്ഷാഫോറം വാങ്ങാനാണ് അപേക്ഷാഫോറം നല്‍കിയ ഉദ്യോഗസ്ഥന്‍ ഒപ്പം തന്റെ മൊബൈല്‍ഫോണ്‍ നമ്പറും പെണ്‍കുട്ടിക്കു കൈമാറി. യൂണിവേഴ്സിറ്റിയില്‍ വരുമ്പോള്‍ എന്തെങ്കിലും സഹായം ആവശ്യമായി വന്നാല്‍ വിളിക്കാന്‍ മടിക്കേണ്ട എന്ന് അറിയിച്ചു.
ഒരാഴ്ചയ്ക്കുശേഷം പൂരിപ്പിച്ച അപേക്ഷാഫോറവുമായി പെണ്‍കുട്ടി യൂണിവേഴ്സിറ്റിയിലെത്തി. അപേക്ഷ സമര്‍പ്പിക്കേണ്ടത് എവിടെ എന്നറിയില്ല. അപ്പോഴാണു സഹായിക്കാന്‍ തയാറായി ഫോണ്‍ നമ്പര്‍ നല്‍കിയ ഉദ്യോഗസ്ഥനെ പെണ്‍കുട്ടി ഓര്‍ത്തത്. ഉദ്യോഗസ്ഥനെ വിളിച്ച് അപേക്ഷ സമര്‍പ്പിക്കേണ്ടത് എവിടെയാണെന്നു തിരക്കി. ഇതാ ഞാന്‍ വരുന്നു... എന്നുപറഞ്ഞ ഉദ്യോഗസ്ഥന്‍ നിമിഷനേരത്തിനുള്ളില്‍ പെണ്‍കുട്ടിയുടെ അടുത്തെത്തി. അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇവിടെയല്ല ഗാന്ധിനഗര്‍ എസ്എംഇയിലാണെന്നു പറഞ്ഞ ഇയാള്‍ പെണ്‍കുട്ടിയെ സ്വന്തം കാറില്‍ കയറ്റി ഗാന്ധിനഗറിലെത്തിച്ചു. കാറില്‍നിന്നിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഒരു മുത്തം തന്നിട്ടു പോയിക്കൂടെ എന്ന ഉദ്യോഗസ്ഥന്റെ ചോദ്യംകേട്ട് പെണ്‍കുട്ടി ഒന്നുഞെട്ടി. എങ്കിലും സമചിത്തത കൈവിടാതെ അപേക്ഷ സമര്‍പ്പിച്ചുവന്നശേഷം പോരെ എന്ന മറുചോദ്യം എറിഞ്ഞ് പെണ്‍കുട്ടി രക്ഷപ്പെട്ടു.
പെണ്‍കുട്ടി തിരികെ എത്തുന്നതും മുത്തം കിട്ടുന്നതും ഓര്‍ത്ത് ഇയാള്‍ കാറില്‍ കാത്തിരുന്നെങ്കിലും പെണ്‍കുട്ടി വന്നില്ല. എസ്എംഇയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ പെണ്‍കുട്ടി വിവരം അറിയിച്ചു. എസ്എംഇ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നു ഗാന്ധിനഗര്‍ പോലീസെത്തി കക്ഷിയെ പൊക്കിയെടുക്കുകയായിരുന്നു. |
|
|