 |
| |
| ചെക്ക് റിപ്പബ്ളിക്ക്, ഗ്രീസ് ക്വാര്‍ട്ടറില്‍; റഷ്യ പുറത്ത് | | | | വാഴ്സോ: യൂറോ കപ്പില്‍ ഗ്രൂപ്പ് എയില്‍ നിന്നും ചെക്ക് റിപ്പബ്ളിക്കും ഗ്രീസും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ആതിഥേയരായ പോളണ്ടും റഷ്യയും പുറത്തായി. അവസാന ലീഗ് മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് പോളണ്ടിനെ തോല്‍പ്പിച്ചാണ് ചെക്ക് അവസാന എട്ടില്‍ സ്ഥാനം പിടിച്ചത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റ് നേടിയ ചെക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ റഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് ഗ്രീസ് അപ്രതീക്ഷിതമായി ക്വാര്‍ട്ടറിലെത്തിയത്.
ക്വാര്‍ട്ടറില്‍ കടക്കാന്‍ ജയത്തില്‍ കുറഞ്ഞൊന്നും പോരായിരുന്ന പോളണ്ടിന് സ്വന്തം നാട്ടുകാരുടെ മുന്നില്‍ കളിച്ചതിന്റെ ആനുകൂല്യം മുതലാക്കാനായില്ല. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ചെക്ക് വിജയഗോള്‍ നേടിയത്. 71-ാം മിനിറ്റില്‍ ജിറാ ചെക്ക് പോളണ്ട് പ്രതിരോധ നിരയെ മറികടന്ന് പന്ത് വലയിലെത്തിച്ചു. തുടര്‍ന്ന് ശക്തമായ ആക്രമണം നടത്തിയ പോളണ്ടിന് ചെക്ക് പ്രതിരോധം ഭേദിക്കാനായില്ല.
ടൂര്‍ണമെന്റില്‍ ഏറ്റവും നന്നായി കളിച്ച റഷ്യയുടെ പുറത്താകല്‍ അപ്രതീക്ഷിതമായിരുന്നു. രണ്ടു മത്സരങ്ങളില്‍ നിന്നും നാല് പോയിന്റുമായാണ് അവര്‍ കളത്തിലിറങ്ങിയത്. ക്വാര്‍ട്ടറില്‍ എത്താന്‍ ഒരു സമനില മാത്രം ആവശ്യം. എന്നാല്‍ ഗ്രീസില്‍ നിന്നേറ്റ അപ്രതീക്ഷിത തോല്‍വി റഷ്യന്‍ പ്രതീക്ഷകള്‍ തകര്‍ത്തു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ക്യാപ്റ്റന്‍ കരാഗൂനിസാണ് ഗ്രീസിന്റെ രക്ഷകനായത്. ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ശേഷിക്കേ ലഭിച്ച ത്രോയില്‍ നിന്നാണ് ഗോള്‍ പിറന്നത്.
പോളണ്ടിനെതിരായ ആദ്യ മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി വില്ലനായ കരാഗൂനിസ് നിര്‍ണായക മത്സരത്തില്‍ ഗോളടിച്ച് ടീമിന്റെ രക്ഷകനായി. എന്നാല്‍, തുടര്‍ച്ചയായ മത്സരങ്ങളില്‍ മഞ്ഞക്കാര്‍ഡ് കണ്ട നായകന് ക്വാര്‍ട്ടറില്‍ കളിക്കാന്‍ കഴിയില്ല. |
|
|