രജ്യസഭ: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും
 
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് പ്രതിനിധിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല അറിയിച്ചു. തിരുവനന്തപുരത്ത് കെപിസിസി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ബിജെപി, സിപിഎമ്മിന്റെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തില്‍ നിന്ന് മൂന്നു രാജ്യസഭാ സീറ്റുകളാണ് ഒഴിവുവരുന്നത്. നിയമസഭയിലെ കക്ഷിനില അനുസരിച്ച് യുഡിഎഫിന് രണ്ട് അംഗങ്ങളേയും ഇടതുപക്ഷത്തിന് ഒരാളെയും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കാം. യുഡിഎഫിലെ രണ്ടു സീറ്റുകളില്‍ ഒന്ന് കേരളാ കോണ്‍ഗ്രസ് -എമ്മിന് നല്‍കിയിരിക്കുകയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് ഏബ്രഹാമാണ് കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്നു പാര്‍ട്ടി നേതൃത്വം നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തിലാണ് അവ്യക്തത തുടരുന്നത്. ഇത്തവണ കാലാവധി അവസാനിക്കുന്ന പി.ജെ.കുര്യന് ഒരു തവണ കൂടി അവസരം നല്‍കുന്നതിനാണ് മുന്‍തൂക്കമെങ്കിലും മറ്റു പേരുകളും ചര്‍ച്ചയില്‍ വരുന്നുണ്ട്. ഒരു സ്ഥാനാര്‍ഥിയെ മാത്രം ജയിപ്പിക്കാനെ കഴിയൂവെങ്കിലും എല്‍ഡിഎഫ് രണ്ടു സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു സീറ്റില്‍ സിപിഎമ്മും രണ്ടാം സീറ്റില്‍ സിപിഐ സ്ഥാനാര്‍ഥിയും മത്സരിക്കും. യുഡിഎഫിലെ അസ്വസ്ഥരെ ലക്ഷ്യമിട്ടാണ് രണ്ടു സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതെന്ന് ഇടതുപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. പി.നാരായണനാണ് സിപിഎം സ്ഥാനാര്‍ഥി. സിപിഐയുടെ സ്ഥാനാര്‍ഥിയെ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.