 |
| |
| വിദേശീയരേ വരൂ.. നിങ്ങള്‍ക്കായി ഇന്ത്യന്‍ വിമാനക്കമ്പനികള്‍ കാത്തിരിക്കുന്നു | | | | ബെയ്ജിംഗ്: ഇന്ത്യന്‍ സിവില്‍ വ്യോമയാന മേഖലയില്‍ 49% വിദേശനിക്ഷേപം അനുവദിച്ചുവെങ്കിലും ഒരു കമ്പനിയെപ്പോലും വിദേശീയര്‍ തിരിഞ്ഞുനോക്കുന്നില്ല! നൂറുകോടിയിലേറെ ജനസംഖ്യയുള്ള ഇന്ത്യയില്‍ വ്യോമയാന വിപണിക്ക് വന്‍സാധ്യതയാണുള്ളതെങ്കിലും ഇവിടെ നിക്ഷേപം നടത്തുന്നതു ഭ്രാന്ത് അല്ലെങ്കില്‍ മണ്ടത്തരമാണെന്ന തോന്നലാണ് വിദേശ വിമാനക്കമ്പനികള്‍ക്കുള്ളതെന്ന് അന്താരാഷ്ട്ര സംഘടനയായ അയാട്ടയും പറയുന്നു. ഇടത്തരക്കാരുടെ വന്‍സമൂഹം, ആവശ്യത്തിന് വരുമാനം, പോകാന്‍ ഇഷ്ടമുള്ള യഥേഷ്ടം സ്ഥലങ്ങള്‍ അങ്ങനെ സാധ്യതകള്‍ ഏറെ.
ട്രെയിനുകളില്‍ തിങ്ങിനിറഞ്ഞുള്ള, സുരക്ഷിതത്വം കുറഞ്ഞ യാത്ര കുറച്ച് വിമാനങ്ങളില്‍ കയറാനാണ് അയാട്ട ഇന്ത്യക്കാരോട് ഉപദേശിക്കുന്നത്. ബെയ്ജിംഗില്‍ നടന്നുവരുന്ന എയര്‍ലൈന്‍ ഉച്ചകോടിയിലാണ് ഇന്ത്യന്‍ വ്യോമയാന രംഗം ചര്‍ച്ചാവിഷയമായത്. ആരെങ്കിലും ഇന്ത്യയിലേക്കു നോക്കിക്കഴിഞ്ഞാല്‍ പിന്നെ പറയുന്നത് അവിടെ കാര്യങ്ങള്‍ അല്പം വിഷമമാണെന്നാണ്. വന്‍സാധ്യതയുള്ള വിപണിയില്‍ പ്രവര്‍ത്തിക്കുന്നത് ഒരു ചോദ്യമാണ്- എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ അധ്യക്ഷന്‍ ടിം ക്ളാര്‍ക്ക് പറയുന്നു.
നഷ്ടത്തില്‍ കൂപ്പുകുത്തിക്കിടക്കുന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഉടമ വിജയ് മല്യയുടെ അഭാവം സമ്മേളനത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അയാട്ടയില്‍ നിന്ന് കിംഗ്ഫിഷറിനെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ജെറ്റ് എയര്‍വേസും സ്പൈസ് ജെറ്റും നഷ്ടത്തിലാണ് പോകുന്നത്. ഇത്രനാളും ആഭ്യന്തര വിമാനക്കമ്പനികളില്‍ ഓഹരി പങ്കാളിത്തത്തിന് വിദേശീയര്‍ക്ക് അനുമതിയില്ലായിരുന്നു. പിന്നീടാണ് 49% വിദേശനിക്ഷേപം അനുവദിച്ചത്.
സര്‍ക്കാര്‍ കമ്പനിയായ എയര്‍ ഇന്ത്യയാണെങ്കില്‍ നഷ്ടവും സമരവും മൂലം പൊറുതിമുട്ടിയ സ്ഥിതിയിലാണ്. ഏറ്റവും വലിയ വെള്ളാന എന്നാണ് എയര്‍ ഇന്ത്യയെ മലേഷ്യന്‍ വിമാനക്കമ്പനി എയര്‍ ഏഷ്യ എക്സ് മേധാവി അസ്റാന്‍ ഒസ്മാന്‍ വിശേഷിപ്പിച്ചത്. കാര്യങ്ങള്‍ ഇങ്ങനെ തന്നെ പോകുകയാണെങ്കില്‍ നൂറുശതമാനം വിദേശനിക്ഷേപം ഭാവിയില്‍ ലഭിക്കും. അതുവരെ ആരും തിരിഞ്ഞുനോക്കില്ലെന്നു ഒസ്മാന്‍ പറഞ്ഞു. ഇന്ത്യയില്‍ വിദേശനിക്ഷേപം നടപ്പിലാകാന്‍ പോകുന്നില്ലെന്നു ബ്രിട്ടീഷ് എയര്‍വേസ്, ഐബീരിയ എന്നിവയുടെ മേധാവി വില്ലി വാഷ് അഭിപ്രായപ്പെട്ടു. അതേസമയം എയര്‍ ബസ് ഇന്ത്യ മേധാവി കിരണ്‍ റാവുവിന് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഉയര്‍ച്ച താഴ്ചകള്‍ സ്വാഭാവികമാണെന്നും ഇന്ത്യയുടെ നില വളരെ ശക്തമാണെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയില്‍ ലാഭത്തിലുളള ഏക കമ്പനി ഇന്‍ഡിഗോയുടെ നേട്ടം സമ്മേളനത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സിവില്‍ വ്യോമയാനം ഒരു ബിസിനസാണെന്നു ആദ്യം ഉറപ്പുവരുത്തുക. ബിസിനസിനു വേണ്ടത് ശേഷിയാണ്. എന്നാല്‍ ചിലരുടെ നോട്ടം അത് എത്രമാത്രം സ്വീകാര്യമാകും എന്നാണെന്ന് ഇന്ത്യയെ ഉദ്ദേശിച്ച് ടോണി ടെയ്ലര്‍ പറഞ്ഞു.
|
|
|