 |
| |
| ഇരട്ടക്കൊലപാതകം ലീഗിന് കുരുക്കായി | | | | മലപ്പുറം: കുനിയില്‍ ഇരട്ടകൊലപാതകം മുസ്ലിം ലീഗിന് പ്രതിസന്ധിയായി മാറി. ടി.പി.ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ മുസ്ലിം ലീഗ് ജനജാഗ്രതാ സദസുകള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് പാര്‍ട്ടി എംഎല്‍എ കുനിയില്‍ കൊലപാതക കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. ഏറനാട് എംഎല്‍എ പി.കെ.ബഷീറിനെതിരെ ഉയര്‍ന്ന ആരോപണം പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാഴ്ത്തിയിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത ഭിന്നത രൂപപ്പെടുന്നതിനും ഈ വിഷയം കാരണമായിട്ടുണ്ട്.
പലപ്പോഴും പ്രധാനപ്പെട്ട നേതാക്കളെ വേദിയിലിരുത്തിയാണ് എംഎല്‍എ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്താറുള്ളത്. ഇക്കാര്യമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയില്‍ നിയന്ത്രണമില്ലാതെ പി.കെ.ബഷീര്‍ നടത്താറുള്ള പ്രസംഗങ്ങളോട് മുസ്ലിം ലീഗില്‍ വലിയൊരു വിഭാഗത്തിന് മതിപ്പില്ല.
അതിനിടെ ബഷീറിനെതിരായ ആരോപണങ്ങളെ പരമാവധി മുതലെടുക്കാന്‍ ഇടതുപക്ഷം ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഏറനാട് താലൂക്കില്‍ ഇടതുമുന്നണി ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ഇടതുനേതാക്കള്‍ ഇന്നലെ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. അതേസമയം, മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശനം നടത്തിയിട്ടില്ല.
സിപിഎമ്മിനെതിരെ ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ യുഡിഎഫ് നടത്തുന്ന സമരങ്ങളുടെ മുനയൊടിയുകയാണ് കുനിയില്‍ കൊലപാതകത്തിലൂടെ ഉണ്ടായതെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായം ഉയരുന്നുണ്ട്. ലീഗ് നേതാക്കളില്‍ ഒരു വിഭാഗം ബഷീറിന് എതിരായ നിലപാടിലാണ്.
അക്രമികളുമായി ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്ന കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ മൊഴി പ്രകാരമാണ് ബഷീറിനെതിരേ കേസെടുത്തിരിക്കുന്നത്. കേസില്‍ ആറാം പ്രതിയായാണ് ബഷീര്‍.
കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ബഷീറിനെ പോലീസ് പ്രതിയാക്കിയതും മുസ്ലിം ലീഗിനെ ഞെട്ടിച്ചിട്ടുണ്ട്. അന്വേഷത്തിന്റെ ഭാഗമായി ബഷീറിനെ പോലീസ് ചോദ്യം ചെയ്താല്‍ ലീഗിന് കൂടുതല്‍ ക്ഷീണമാകും. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ ഇത്തരമൊരു വിവാദമുണ്ടായത് യുഡിഎഫിനും തലവേദനയായി. പ്രതിപക്ഷത്തെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ കാത്തിരിക്കുകയായിരുന്ന യുഡിഎഫിനെ കുനിയില്‍ കൊലപാതകം നിശബ്ദമാക്കി.
|
|
|