സിപിഎം മുതലെടുപ്പിനു ശ്രമിക്കുന്നു - ലീഗ്
 
മലപ്പുറം: അരീക്കോട്ട് സഹോദരങ്ങളുടെ വധവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ഹമീദ് . ടി.പി. ചന്ദ്രശേഖരനെ വധിച്ചതിനുശേഷം സിപിഎമ്മിനെതിരെയുണ്ടായ ജനരോഷത്തില്‍നിന്ന് രക്ഷനേടാന്‍ കുനിയില്‍ കൊലപാതകത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. പ്രതികളെ പിടികൂടുന്നതുവരെ മാത്രമേ ഈ ഊഹാപോഹങ്ങള്‍ക്ക് ആയുസുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കിയതിന്റെ പേരില്‍ പ്രതിക്കൂട്ടിലായ പാര്‍ട്ടിയാണ് സിപിഎം. അരീക്കോട്ട് ഫുട്ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇപ്പോഴും നേരത്തെയും നടന്ന കൊലപാതകങ്ങളെ ലീഗ് അപലപിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പാര്‍ട്ടി എപ്പോഴും ശ്രമിച്ചിട്ടുള്ളത്. മുസ്ലിംലീഗിനോ പി.കെ. ബഷീര്‍ എംഎല്‍എയ്ക്കോ കുനിയില്‍ വധവുമായി യാതൊരു ബന്ധവുമില്ല. ഏതു തരത്തിലുള്ള അന്വേഷണത്തെയും നേരിടാന്‍ താന്‍ ഒരുക്കമാണെന്ന് പി.കെ. ബഷീര്‍ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ പ്രത്യേകമായ രാഷ്ട്രീയ സാഹചര്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ കുനിയില്‍ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. കൊലപാതകങ്ങളിലും അക്രമങ്ങളിലും മുസ്ലിംലീഗിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ല. ഇത്തരം സംഭവങ്ങളെ പ്രോത്സാാഹിപ്പിച്ചതിന്റെ ശിക്ഷയാണ് ദിനംപ്രതി സിപിഎം ഏറ്റുവാങ്ങുന്നതെന്നും കുനിയില്‍ സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തി പ്രതികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അബ്ദുല്‍ഹമീദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.