ഫ്രാന്‍സില്‍ കാളപ്പോര് നിയമവിധേയമാക്കി
 
പാരിസ്: ഫ്രാന്‍സില്‍ കാളപ്പോര് വിനോദത്തിനു നിയമാനുമതി. മൃഗസ്നേഹികളുടെ അവകാശവാദങ്ങളും അപേക്ഷയും തള്ളിയ പാരിസ് ഭരണഘടനാ സമിതിയാണ് കാളപ്പോര് നിയമവിധേയമാക്കി പ്രഖ്യാപിച്ചത്. കാളപ്പോര് വിനോദം മൃഗങ്ങളുടെ അവകാശം ഹനിക്കുന്ന ക്രൂരതയാണെന്ന മൃഗസ്നേഹികളുടെ പരാതി തള്ളിയാണ് ഭരണഘടനാ സമിതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. നിലവില്‍ കാളപ്പോര് നിരോധിക്കേണ്ട സ്ഥിതിവിശേഷം രാജ്യത്തില്ലെന്ന് സമിതി അറിയിച്ചു. എന്നാല്‍ ജനങ്ങള്‍ക്കു അപകടകരമാകുന്ന വിധമാകരുത് മത്സരമെന്നും സമിതി നിര്‍ദ്ദേശിച്ചു. കാളപ്പോരിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്നതു സ്പെയിനാണെങ്കിലും ഒന്നര നൂറ്റാണ്ടു മുമ്പ് തന്നെ തെക്കന്‍ ഫ്രാന്‍സില്‍ കാളപ്പോര് വിനോദം ആസ്വദിച്ചിരുന്നതായാണ് കരുതപ്പെടുന്നത്. ഓരോ വര്‍ഷവും ആയിരത്തിലധികം കാളകള്‍ ഫ്രാന്‍സില്‍ നടക്കുന്ന കാളപ്പോരില്‍ ചത്തുവീഴുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതേത്തുടര്‍ന്ന് ഫ്രാന്‍സില്‍ മൃഗസ്നേഹികള്‍ കാളപ്പോരിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. അതേസമയം, മൃഗസ്നേഹികളുടെ പരാതിപ്രളയത്തേത്തുടര്‍ന്ന് സ്പെയിനിലെ കാറ്റലോണിയയില്‍ കാളപ്പോര് വിനോദത്തിനു സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.