മോശം സാഹചര്യത്തില്‍ കന്നുകാലികളെ എത്തിച്ച ലോറി അടിമാലിയില്‍ പോലീസ് പിടികൂടി
 
അടിമാലി: മോശം സാഹചര്യത്തില്‍ കര്‍ണാടകയില്‍ നിന്നും സംസ്ഥാനത്തേക്ക് കന്നുകാലികളെ എത്തിച്ച ലോറി അടിമാലിയില്‍ പോലീസ് പിടികൂടി. പ്ളാസ്റിക് ഷീറ്റുകൊണ്ട് മൂടിക്കെട്ടിയ ലോറിയില്‍ കന്നുകാലികളെ കുത്തിനിറച്ചുകൊണ്ടുവരികയായിരുന്നു. ഇതില്‍ പലതും അവശനിലയിലുമായിരുന്നു. 21 കന്നുകാലികളായിരുന്നു ലോറിയിലുണ്ടായിരുന്നത്. അടിമാലിയിലെ ഒരു ഫാമിലേക്ക് വളര്‍ത്താനാണ് ഇവയെ എത്തിച്ചതെന്നാണ് വാഹനത്തിലുണ്ടായിരുന്നവര്‍ നല്‍കിയ വിവരം. ലോറിയും വാഹനത്തിലുണ്ടായിരുന്ന മൂന്നു കര്‍ണാടക സ്വദേശികളെയും പോലീസ് കസ്റഡിയിലെടുത്തു. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും അനുവദിച്ചതിലും കൂടുതല്‍ കന്നുകാലികളെ വാഹനത്തില്‍ കയറ്റിയതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കുമളിയിലൂടെ ചത്ത കന്നുകാലികളെ ഇറച്ചിക്കായി കേരളത്തിലേക്ക് കടത്തിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അതിര്‍ത്തിക്കിപ്പുറത്ത് പോലീസ് പരിശോധന കര്‍ശനമാക്കിയത്.