ഒന്നും മറക്കാതെ
 
പത്താം ക്ളാസ് വരെ മാത്രമേ പ്രജേഷ് പാഠഭാഗങ്ങള്‍ നോട്ടുബുക്കില്‍ പകര്‍ത്തിയുള്ളൂ. നോട്ടുബുക്ക് ഉപയോഗിക്കാത്തതു കൊണ്ട് അധ്യാപകര്‍ക്ക് ഉഴപ്പാളിയായ വിദ്യാര്‍ഥിയായിരുന്നില്ല, പകരം ബഹുമിടുക്കനായിരുന്നു കണ്ണൂര്‍ പയ്യന്നൂരിലെ പ്രജേഷ് കണ്ണന്‍. നോട്ടുബുക്കില്‍ പകര്‍ത്തേണ്ട കാര്യങ്ങള്‍ പകര്‍ത്തിയത് മനസിലേക്കാണ്. അങ്ങനെ മനസില്‍ പകര്‍ത്തി ശീലിച്ചതു കൊണ്ട് ഓര്‍മയുടെ കാര്യത്തില്‍ ഗിന്നസ് ബുക്കിലും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടിയിരിക്കുകയാണ് പ്രജേഷ് എന്ന 25 വയസുകാരന്‍. ഓര്‍മശക്തിയിലെ അപാര കഴിവു കൊണ്ട് പ്രജേഷ് കൂട്ടുകാരുടെയും അധ്യാപകരുടെയും ഇടയില്‍ അറിയപ്പെട്ടത് യെന്തിരന്‍ എന്നാണ്. ഓര്‍മയില്‍ നിന്നെടുത്ത 470 വാക്കുകള്‍ ആരോഹണ അവരോഹണ ക്രമത്തില്‍ പറഞ്ഞാണ് എംബിഎ ബിരുദധാരി ഇരട്ടനേട്ടം കൈവരിച്ചത്. പയന്നൂരിനടുത്ത അന്നൂര്‍ യുപി സ്കൂളില്‍ വച്ചാണ് ലോകറെക്കോര്‍ഡ് ഭേദിച്ചത്. പോലീസ് ഓഫീസര്‍ ഉള്‍പ്പെടയുള്ള വിവിധ മേഖലകളിലെ ഉന്നതരെയും വിദ്യാര്‍ഥികളെയും അധ്യാപകരെയും നാട്ടുകാരെയും സാക്ഷി നിര്‍ത്തിയാണ് പ്രജേഷ് തന്റെ ഓര്‍മയില്‍ റെക്കോര്‍ഡിട്ടത്. പ്രജേഷ് കണ്ണും കെട്ടി ഹാളിലിരുന്ന ശേഷം അധ്യാപകന്‍ 470 ഇംഗ്ളീഷ് വാക്കുകള്‍ വായിച്ചു കേള്‍പ്പിച്ചു. അതിനു ശേഷം അധ്യാപകന്‍ വായിച്ച വാക്കുകള്‍ ഒന്നു മുതല്‍ 470വരെയുള്ള വാക്കുകള്‍ ക്രമത്തില്‍ തന്നെ ബ്രജേഷ് ഓര്‍മയില്‍ നിന്നെടുത്തു പറഞ്ഞു. അതിനു ശേഷം 470 മുതല്‍ താഴോട്ട് ഒന്നുവരെയുള്ള വാക്കുകള്‍ അവരോഹണ ക്രമത്തില്‍ പറഞ്ഞാണ് റെക്കോര്‍ഡ് സൃഷ്ടിച്ചത്. നിലവില്‍ ജയസിംഗ റെഖിര്‍ള എന്ന പെണ്‍കുട്ടിയുടെ പേരിലാണ് 200 വാക്കുകള്‍ ഓര്‍മിച്ചതിന് ഗിന്നസ് ലോകറെക്കോര്‍ഡ് ഉള്ളത്. ആ റെക്കോര്‍ഡ് ഭേദിക്കുന്നതിനൊപ്പം ജോളി ഡിന്‍സ് എന്നയാളുടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സായ 407 വാക്കുകള്‍ ഭേദിക്കുകയും ചെയ്തു. പ്ളസ്ടൂവിന് പഠിക്കുമ്പോള്‍ ക്ളാസില്‍ നോട്ടൊന്നും എഴുതാതെ തന്നെ പാഠഭാഗങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞതോടെയാണ് തന്റെ ഓര്‍മശക്തിയില്‍ പ്രജേഷിന് വിശ്വാസം വന്നത്. തുടര്‍ന്ന് ധ്യാനത്തിലൂടെ തന്റെ കഴിവ് വികസിപ്പിച്ചെടുത്തു.മൂരികൊവ്വലിലെ മെര്‍ലിന്‍ കണ്ണന്റെയും യശോദയുടെയും മകനായ പ്രജേഷ് ഇപ്പോള്‍ സിവില്‍ സര്‍വീസിന് തയാറെടുത്തു വരികയാണ്. ബിഫാം വിദ്യാര്‍ഥിനിയായ പ്രിയയാണ് ഏകസഹോദരി. 1200 വാക്കുകള്‍ ഇതേ പോലെ ഓര്‍ത്തെടുത്ത് ആരോഹണ അവരോഹണ ക്രമത്തില്‍ പറഞ്ഞ് സ്വന്തം റെക്കോര്‍ഡ് തന്നെ ഭേദിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍. കൂടാതെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായി വ്യക്തിത്വ വികസനത്തിലും ഓര്‍മശക്തിയിലും പരിശീലനം നല്കി വരുന്നുണ്ട്.