ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനം: പിണറായി
 
തിരുവനന്തപുരം: ഡീസലിന്റെ വില വര്‍ധിപ്പിക്കാനും സബ്സിഡിയോടുകൂടിയ പാചകവാതക സിലിണ്ടറിന്റെ എണ്ണം പരിമിതപ്പെടുത്താനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സ്വകാര്യ എണ്ണക്കമ്പനികളെയടക്കം സഹായിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ബഹുരാഷ്ട്ര കുത്തകകളുടെയും വന്‍കിട കമ്പനികളുടെയും ചൂഷണത്തിന് ജനങ്ങളെ വിട്ടുകൊടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന വിലനിയന്ത്രണ സംവിധാനം മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ എടുത്തുകളഞ്ഞത് ആരെ സഹായിക്കാനാണെന്ന് വ്യക്തമായിരിക്കുകയാണ്. ഡീസല്‍ വിലവര്‍ധനയുടെ ഭാരം ഏറ്റവും കൂടുതല്‍ പേറേണ്ടിവരുന്നത് കേരളമാണ്. ചരക്കുകൂലി സ്വാഭാവികമായും വര്‍ധിക്കും. ഭക്ഷ്യധാന്യമുള്‍പ്പെടെയുള്ളവയ്ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് ഇത് വലിയ ആഘാതമാണ്. വിലവര്‍ധന ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്നും പിണറായി പറഞ്ഞു. ഇന്ധനവില വര്‍ധിപ്പിച്ചതിനെതിരെ എല്‍ഡിഎഫ് ആഹ്വാനംചെയ്ത ശനിയാഴ്ചത്തെ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ വിജയിപ്പിക്കാനും പിണറായി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.