ലോക ട്വന്റി 20 റാങ്കിംഗ്: ഇന്ത്യ ഏഴാമത്
 
കൊളംബോ: ഐസിസി ട്വന്റി 20 ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത്. ഇംഗ്ളണ്ടാണ് ഒന്നാം സ്ഥാനം കൈയ്യടക്കിയിരിക്കുന്നത്. പാക്കിസ്ഥാന്‍ ഇന്ത്യയുടെ തൊട്ടുമുന്നിലുണ്ട്. ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ ന്യൂസിലന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലമാണ് ഒന്നാം സ്ഥാനത്ത്. പാക് സ്പിന്‍ താരം സയിദ് അജ്മലാണ് ബൌളര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. ബാറ്റ്സ്മാന്‍മാരുടെ ആദ്യ പത്തു താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സുരേഷ് റെയ്നയ്ക്കു മാത്രമാണ് ഇടംനേടാനായത്. കാന്‍സറിന്റെ പിടിയില്‍ നിന്നു രക്ഷപെട്ട് ജീവിതത്തിലും മൈതാനത്തും പുതിയ ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യന്‍ താരം യുവരാജ് സിംഗ് പതിനഞ്ചാം സ്ഥാനത്തുണ്ട്. ഗൌതം ഗംഭീറാണ് യുവിയ്ക്കു തൊട്ടുപിന്നിലുള്ളത്. ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി 25-ാം സ്ഥാനത്താണ്. ബ്രണ്ടന്‍ മക്കല്ലത്തിനു പിന്നിലായി ക്രിസ് ഗെയ്ല്‍(2), ഡേവിഡ് വാര്‍ണര്‍(4), മാര്‍ട്ടിന്‍ ഗുപ്റ്റില്‍(5), മഹേള ജയവര്‍ധന(6), ഷെയ്ന്‍ വാട്സണ്‍(7), ജാക്ക് കല്ലിസ്(8), ഇയാന്‍ മോര്‍ഗന്‍(9), ദില്‍ഷന്‍(10) എന്നീ താരങ്ങളാണുള്ളത്. ട്വന്റി 20 ബൌളര്‍മാരുടെ ആദ്യ പത്തു പേരുടെ പട്ടികയില്‍ ഒരു ഇന്ത്യന്‍ താരത്തിനും ഇടംനേടാനായില്ല.