 |
| |
| ഭക്ഷ്യോപദേശ വിജിലന്‍സ് കമ്മിറ്റി: കേന്ദ്രനിര്‍ദേശം സിവില്‍ സപ്ളൈസ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നു | | | | പി.ജിബിന്‍
കോഴിക്കോട്: കേന്ദ്രഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം സിവില്‍ സപ്ളൈസ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നു. കേന്ദ്രഭക്ഷ്യവകുപ്പ് എല്ലാ സംസ്ഥാനങ്ങളിലും പാലിക്കപ്പെടേണ്ട നിര്‍ദേശങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും സിവില്‍ സപ്ളൈസ് ഉന്നത ഉദ്യോഗസ്ഥര്‍ തളളിയത്്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്-താലൂക്ക്-ജില്ലാ തലങ്ങളില്‍ മാസംതോറും 'ഭക്ഷ്യോപദേശ വിജിലന്‍സ് കമ്മറ്റി' ചേരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമായും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നടപ്പിലാക്കാന്‍ നല്‍കിയ നിര്‍ദേശം. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍,താലൂക്ക് സപ്ളൈ ഓഫിസര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് കമ്മിറ്റി നടത്തണമെന്ന നിര്‍ദേശമാണ് സംസ്ഥാനത്ത് അട്ടിമറിക്കപ്പെടുന്നത്.
റേഷനിംഗില്‍ നടക്കുന്ന തിരിമറികളെക്കുറിച്ചും അഴിമതികളെക്കുറിച്ചും മറ്റും ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും നേരിട്ട് പരാതി പറയാനും പരിഹാരം കണ്െടത്താനുമാണ് കേന്ദ്രഭക്ഷ്യവകുപ്പ് 'ഭക്ഷ്യോപദേശ വിജിലന്‍സ് കമ്മറ്റി' നടത്തണമെന്ന നിര്‍ദേശം കൊണ്ടു വന്നിരുന്നത്. റേഷനിംഗില്‍ വന്‍ ക്രമക്കേടുകളും അഴിമതികളും നടക്കുന്നുണ്െടന്നതിന്റെയും കണ്െടത്തലിന്റെയും അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെച്ചിരുന്നത്. ഒന്നര വര്‍ഷം മുമ്പേ കേന്ദ്രസര്‍ക്കാര്‍ ഇത്തരം നിലപാടെടുത്തിട്ടും മറ്റു സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയിട്ടും കേരളത്തില്‍ ഇതുവരെയും ഈ നിര്‍ദേശം നടപ്പിലായിട്ടില്ല. സംസ്ഥാനത്ത് പത്ത് ശതമാനം പോലും ഭക്ഷ്യോപദേശ വിജിലന്‍സ് കമ്മറ്റി വിളിച്ചിട്ടില്ലെന്നും കേന്ദ്രഭക്ഷ്യവകുപ്പ് കണ്െടത്തിയിട്ടുണ്ട്. പീന്നിട് ഇത് നടപ്പാക്കേണ്ട സിവില്‍ സപ്ളൈസ് അധികൃതര്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ തീരുമാനം നടപ്പിലാക്കാതെ അട്ടിമറിക്കുകയായിരുന്നു.
ഒന്നര വര്‍ഷം മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനത്തും ഈ തീരുമാനം നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് ഈ തീരുമാനം നടപ്പിലാക്കിയിരുന്നില്ല. കേന്ദ്രഭക്ഷ്യമന്ത്രി കെ.വി.തോമസ് നിരന്തരം ആവശ്യപ്പെട്ടപ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നടപ്പാക്കാമെന്നാണ് അന്നത്തെ ഭക്ഷ്യമന്ത്രിയായിരുന്ന സി.ദിവാകരന്‍ പറഞ്ഞിരുന്നത്. പീന്നിട് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മന്ത്രിയായിരുന്ന ടി.എം.ജേക്കബ് ഈ തീരുമാനം സംസ്ഥാനത്ത് നടപ്പിലാക്കി. ആദ്യഘട്ടത്തില്‍ വളരെക്കുറിച്ച് മാത്രം മന്ത്രി ജേക്കബിന്റെ നിര്‍ദേശ പ്രകാരം ഭക്ഷ്യോപദേശ വിജിലന്‍സ് കമ്മറ്റി വിളിച്ചതല്ലാതെ പീന്നീട് ഉദ്യോഗസ്ഥര്‍ ഈ നിര്‍ദേശം തളളുകയായിരുന്നു.
അതേസമയം കമ്മറ്റി വിളിച്ച് ചേര്‍ത്ത പഞ്ചായത്തുകളില്‍ പീന്നിട് തുടര്‍ച്ചയുണ്ടായിരുന്നില്ല.പീന്നിട് വിളിച്ചു ചേര്‍ക്കാന്‍ അധികൃതര്‍ മുന്‍കൈയെടുത്തില്ല. വിളിച്ച് ചേര്‍ത്ത സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വന്‍ പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്നാണ് സിവില്‍ സ്പ്ളൈസ് ഉദ്യോഗസ്ഥര്‍ ഈ നിര്‍ദേശം അട്ടിമറിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തുന്നു. റേഷനിംഗില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നാല്‍ ഉദ്യോഗസഥര്‍ക്കെതിരെ അന്വേഷണം വരുമെന്നതിനാലാണ് ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം അട്ടിമറിച്ചത്.
പിന്നോക്കം നില്‍ക്കുന്ന ജാര്‍ഖണ്ഡ് പോലെയുളള സംസഥാനത്ത് വളരെ നല്ല രീതിയില്‍ ഭക്ഷ്യോപദേശ വിജിലന്‍സ് കമ്മറ്റി നടക്കുമ്പോഴും കേരളത്തില്‍ ഇത് നടക്കാത്തത് സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ ഇടപെടല്‍ ഇല്ലാത്തത് കൊണ്ടാണെന്നും കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. |
|
|