ഇറാനില്‍ ഭൂകമ്പം: 180 മരണം
 
ടെഹ്റാന്‍: ഇറാനിലെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ഇന്നലെ വൈകിയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 180 മരിച്ചതായും 1300 ലധികം പേര്‍ക്ക് പരിക്കേറ്റതായും ബിബിസി റിപ്പോര്‍ട്ടു ചെയ്തു. യുഎസ് ജിജോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ടനുസരിച്ച് റിക്ടര്‍ സ്കെയിലില്‍ 6.4, 6.3 തീവ്രത രേഖപ്പെടുത്തിയ രണ്ടു ഭൂചലനങ്ങളാണ് ഇറാനില്‍ നാശംവിതച്ചത്. ടബ്രിസ്, അര്‍ദേബിലി നഗരങ്ങള്‍ക്കടുത്താണു ഭൂകമ്പമുണ്ടായത്. അറുപതോളം ഗ്രാമങ്ങള്‍ പകുതിയിലധികം തകര്‍ന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. അനവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. ആറുമണിക്കൂറിനുള്ളില്‍ പത്തു തുടര്‍ ചലനങ്ങള്‍ ഉണ്ടായി. ഭൂമിക്കടിയില്‍ ഒമ്പതുകിലോമീറ്റര്‍ ആഴത്തിലാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പരിക്കേറ്റവരെ ടബ്രിസ്, അര്‍ദേലി നഗരങ്ങളിലെ ആശുപത്രികളിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്. ടബ്രിസിനു വടക്കുകിഴക്കുള്ള ഒട്ടേറെ ഗ്രാമങ്ങള്‍ തകര്‍ന്നടിഞ്ഞുവെന്നാണു റിപ്പോര്‍ട്ട്. ഇവിടെ അനേകം പേര്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ടെലിഫോണ്‍, വൈദ്യുതി ബന്ധങ്ങള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.