കടല്‍ക്കൊല: ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം
 
ന്യൂഡല്‍ഹി: കടലില്‍ മത്സ്യതൊഴിലാളികള്‍ വെടിയേറ്റ് മരിച്ച കേസില്‍ ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. കടലില്‍ നടന്നത് പൈശാചിക കൊലപാതമാണെന്ന ഹൈക്കോടതി പരാമര്‍ശത്തെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. വിചാരണ വേളയില്‍ ഹൈക്കോടതി ഇത്തരം പരാമര്‍ശം നടത്തിയത് ശരിയായില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കടല്‍ക്കൊല കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ നാവികരും ഇറ്റാലിയന്‍ സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം തുടരുന്നതിനിടെയാണ് സുപ്രീം കോടതി വിമര്‍ശനം. കേസില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളേയും കോടതി വിമര്‍ശിച്ചു. ഈ മാസം 16-നകം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നോട്ടീസിന് മറുപടി നല്‍കിയില്ലെങ്കില്‍ വിചാരണാ നടപടികള്‍ സ്റേ ചെയ്യുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ജൂണില്‍ കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ ആറാഴ്ചക്കകം മറുപടി നല്‍കാന്‍ കോടതി സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസിന് സര്‍ക്കാരുകള്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ വിമര്‍ശനമുന്നയിച്ചത്.