 |
| |
| കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചു പണി: ചിദംബരത്തിന് ധനകാര്യം; ഷിന്‍ഡെയ്ക്ക് ആഭ്യന്തരം | | | ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയുടെ സുപ്രധാനവകുപ്പുകളില്‍ അഴിച്ചുപണി. ആഭ്യന്തര മന്ത്രിയായിരുന്ന പി.ചിദംബരത്തെ ധനകാര്യ മന്ത്രിയായും ഊര്‍ജ മന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡെയെ ആഭ്യന്തര മന്ത്രിയായും മാറ്റി നിയമിച്ചു. ഊര്‍ജ വകുപ്പിന്റെ അധിക ചുമതല കമ്പനികാര്യ മന്ത്രി വീരപ്പ മൊയ്ലിക്ക് നല്‍കി. മന്ത്രിമാരുടെ വകുപ്പ് മാറ്റം സംബന്ധിച്ച് രാഷ്ട്രപതി വിജ്ഞാപനം പുറത്തിറക്കി.
പ്രണാബ് മുഖര്‍ജി രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ ധനമന്ത്രിയെ നിയമിക്കേണ്ടിവന്നത്. ധനകാര്യവിദഗ്ധന്‍ കൂടിയായ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തന്നെ ധനവകുപ്പ് കൈവശംവയ്ക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിദംബരത്തെപ്പോലെ പരിചയസമ്പന്നനായ ഒരാള്‍ മന്ത്രിസഭയിലുള്ളപ്പോള്‍ ധനകാര്യവകുപ്പ് അദ്ദേഹത്തെ ഏല്‍പ്പിക്കുകയാകും നല്ലതെന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് അഭിപ്രായം വന്നതിനെത്തുടര്‍ന്നാണ് ചിദംബരത്തിന് വീണ്ടും ധനകാര്യവകുപ്പിലേക്കുള്ള മാറ്റത്തിന് വഴിതെളിഞ്ഞത്.
മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളുമാണ് ചിദംബരത്തിന് പകരം ആഭ്യന്തര മന്ത്രിയാകുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡേ. ഷിന്‍ഡേയെ ലോക്സഭാ നേതാവാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ലോക്സഭാ നേതാവാകുന്ന മന്ത്രിക്ക് പ്രധാനപ്പെട്ട വകുപ്പുകളിലൊന്ന് നല്‍കേണ്ടതാണെന്നതും ഷിന്‍ഡെയ്ക്ക് ആഭ്യന്തരവകുപ്പിലേക്ക് വഴിതെളിക്കുകയായിരുന്നു. പ്രണാബ് മുഖര്‍ജിയായിരുന്നു നേരത്തെ ലോക്സഭാ നേതാവ്.
അതേസമയം, സുശീല്‍കുമാര്‍ ഷിന്‍ഡെ വഹിച്ചിരുന്ന ഊര്‍ജവകുപ്പ് കമ്പനികാര്യവകുപ്പ് മന്ത്രി വീരപ്പമൊയ്ലിക്ക് അധികചുമതലയായി നല്‍കിയെങ്കിലും വകുപ്പിന് പിന്നീട് പുതിയ മന്ത്രിയെ നിയമിക്കും. |
|
|