പത്മഭൂഷണ്‍ തിരിച്ചു നല്‍കാന്‍ തയാറെന്ന് ഹസാരെ
 
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തനിക്ക് നല്‍കിയ പത്മഭൂഷണ്‍ ബഹുമതി തിരിച്ചു നല്‍കാന്‍ തയാറാണെന്ന് അന്നാ ഹസാരെ. ജനങ്ങള്‍ നല്‍കുന്ന അവാര്‍ഡാണ് തനിക്കേറ്റവും വലുതെന്നും ഈ നിമിഷം വേണമെങ്കിലും പത്മഭൂഷണ്‍ തിരിച്ചു നല്‍കാന്‍ തയാറാണെന്നും ഹസാരെ പറഞ്ഞു. പത്മശ്രീ ബഹുമതി താന്‍ നേരത്തെ തിരിച്ചു നല്‍കിയതാണ്. താന്‍ ആവശ്യപ്പെട്ടിട്ടല്ല സര്‍ക്കാര്‍ തനിക്ക് ഈ ബഹുമതികള്‍ നല്‍കിയതെന്നും ജന്ദര്‍ മന്ദിറിലെ സമരപ്പന്തലില്‍ തടിച്ചുകൂടിയ അനുയായികളോട് ഹസാരെ പറഞ്ഞു. സമരം നടത്തുന്നവരുമായി ചര്‍ച്ചയ്ക്ക് ആരെയും നിയോഗിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ആരുമായും ചര്‍ച്ച നടത്താന്‍ ഞങ്ങളും തയാറല്ല. പ്രധാനമന്ത്രി നേരിട്ട് ചര്‍ച്ചയ്ക്കെത്തിയാലും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ചര്‍ച്ചയ്ക്കില്ലെന്നും ഹസാരെ പറഞ്ഞു. 1990ലാണ് ഹസാരെയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. 1992ല്‍ ഹസാരെയ്ക്ക് പത്മഭൂഷണും സമ്മാനിച്ചു.