 |
| |
| കടലിന്റെ കനിവുതേടി ബോട്ടുകള്‍ തീരം വിട്ടു | | | | ചവറ: തീരത്ത് ഇനി വറുതിയില്ല. ഇന്നുമുതല്‍ ചാകരയുടെ ഉത്സവം. ചാളയും കരിക്കാടിയും പൂമീനും ചൂടയും നിറഞ്ഞ വള്ളങ്ങളും ബോട്ടുകളും പ്രതീക്ഷയുടെ കരയിലേക്ക് അടുക്കും.
ഇന്നലെ അര്‍ധരാത്രിമുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പിന്‍വലിച്ചതോടെ രാത്രിമുതല്‍ തന്നെ ബോട്ടുകള്‍ മത്സ്യബന്ധനത്തിന് പോയി. 47 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനത്തിനുശേഷം നീണ്ടകര പാലത്തിന് കിഴക്കുവശത്ത്ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്ന ബോട്ടുകള്‍ സ്വതന്ത്രരായി.
അറ്റകുറ്റപ്പണികളും പെയിന്റിംഗ് ജോലികളുമെല്ലാം പൂര്‍ത്തീകരിച്ച ബോട്ടുകള്‍ കഴിഞ്ഞ ദിവസം മുതല്‍ നീണ്ടകര, ശക്തികുളങ്ങരയിലെ അന്യദേശ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തിക്കഴിഞ്ഞിരുന്നു. നിരോധനം കഴിഞ്ഞുള്ള ആദ്യ ദിനങ്ങള്‍ പ്രതീക്ഷയ്ക്കൊത്ത് കടല്‍ കനിയാറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വള്ളക്കാര്‍ക്ക് കുറഞ്ഞ രീതിയില്‍ കണവയും കിളി മീനും ലഭിച്ചത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളിലെ കച്ചവട സ്ഥാപനങ്ങളും പെട്ടിക്കടകളും സജീവമായി. നിരോധന കാലയളവില്‍ വരുത്തിയ കടങ്ങളും ബാധ്യതകളും കൊടുത്തു തീര്‍ക്കാന്‍ കടലമ്മ കനിയുമെന്നുള്ള പ്രതീക്ഷയിലാണ് മിക്കവരും. നീണ്ടകര, ശക്തികുളങ്ങര ഭാഗങ്ങളില്‍ നിന്നും ഏകദേശം 1500 ഓളം ബോട്ടുകളാണ് മത്സ്യബന്ധനത്തിന് പോയത്.
ഈ സീസണില്‍ കൂടുതലായി കണവയും കരിക്കാടിയുമാണ് ലഭിക്കുന്നത്. അഞ്ചുലക്ഷം രൂപവിലവരുന്ന കരിക്കാടിവരെ മുന്‍വര്‍ഷങ്ങളില്‍ ഒരുബോട്ടിന് ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ലഭിച്ചിട്ടുണ്ട്.
ട്രോളിംഗ് നിരോധനം ബാധകമല്ലാത്ത ഇന്‍ബോര്‍ഡ് വള്ളങ്ങള്‍, മറ്റു ചെറുയാനങ്ങള്‍ തുടങ്ങിയവയ്ക്ക് ഇന്ധനം നിറയ്ക്കുന്നതിനായി ശക്തികുളങ്ങര പാലത്തിന് സമീപമുള്ള മത്സ്യഫെഡിന്റെ ബങ്ക് തുറന്നു പ്രവര്‍ത്തിച്ചിരുന്നു. മറ്റെല്ലാ ഡീസല്‍ ബങ്കുകളും ഇക്കാലയളവില്‍ അടച്ചിടുകയായിരുന്നു.
ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയ നാള്‍മുതല്‍ തങ്കശേരി, നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകളില്‍ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിരുന്നു. ഫീഷറീസ് കണ്‍ട്രോള്‍റൂം 24 മണിക്കൂറും പ്രവര്‍ത്തിച്ചുവരികയാണ്. മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവരെ കടല്‍ക്ഷോഭം, യന്ത്രത്തകരാര്‍, മറ്റപകടങ്ങള്‍ എന്നിവയില്‍ നിന്നും രക്ഷിക്കാന്‍ തങ്കശേരി, അഴീക്കല്‍, നീണ്ടകര കേന്ദ്രീകരിച്ച് മൂന്ന് റെസ്ക്യൂ ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ട്രോളിംഗ് നിരോധനത്തിന് ശേഷം കടലില്‍ നിന്നും മടങ്ങിയെത്തുന്ന ബോട്ടുകള്‍ക്ക് മുന്‍വര്‍ഷങ്ങളിലെ പ്പോലെ മത്സ്യഫെഡ് ഡീസല്‍ ബങ്ക് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് മത്സ്യം ഇറക്കി വിപണനം നടത്താം. |
|
|