ഒളിമ്പിക്സ്: ഫെഡറര്‍, അസരങ്ക എന്നിവര്‍ ഒന്നാം സീഡ്
 
ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്സില്‍ സ്വിറ്റ്സര്‍ലണ്ടിന്റെ റോജര്‍ ഫെഡറര്‍ പുരുഷ വിഭാഗത്തിലും ബലാറസിന്റെ വിക്ടോറിയ അസരങ്ക വനിതാ വിഭാഗത്തിലും ഒന്നാം സീഡ്. സിംഗിള്‍സില്‍ 64 പേരാണ് ഇരുവിഭാഗത്തിലും മത്സരിക്കുന്നത്. ശനിയാഴ്ചയാണ് ടെന്നിസ് മത്സരങ്ങള്‍ തുടങ്ങുന്നത്. പുരുഷ വിഭാഗം സിംഗിള്‍സില്‍ കന്നി സ്വര്‍ണം തേടിയാണ് ഫെഡറര്‍ കളത്തിലിറങ്ങുന്നത്. ബെയ്ജിംഗ് ഒളിമ്പിക്സില്‍ ഫെഡറര്‍ ഉള്‍പ്പെട്ട സഖ്യം ഡബിള്‍സ് സ്വര്‍ണം നേടിയിരുന്നു. റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള സെര്‍ബിയയുടെ നുവാക് ജോക്കോവിച്ച് നിലവിലെ വെങ്കല മെഡല്‍ ജേതാവാണ്. ജന്മനാട്ടില്‍ സ്വര്‍ണം ലക്ഷ്യമിട്ടാണ് ബ്രിട്ടന്റെ ആന്റി മുറെ കളത്തിലിറങ്ങുന്നത്. ബെയ്ജിംഗില്‍ സ്വര്‍ണം നേടിയ സ്പെയിന്റെ റാഫേല്‍ നദാല്‍ പരിക്കിനെ തുടര്‍ന്ന് ഒളിമ്പിക്സില്‍ നിന്നും പിന്മാറിയിരുന്നു. ഡബിള്‍സിന്റെ ഇരുവിഭാഗത്തിലും 32 സഖ്യങ്ങള്‍ മത്സരിക്കുന്നുണ്ട്.