ഡിവൈഎസ്പിക്കെതിരെ കെ.കെ.രാഗേഷ് വക്കീല്‍ നോട്ടീസ് അയച്ചു
 
കണ്ണൂര്‍: ടി.പി.വധക്കേസില്‍ അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സിപിഎം സംസ്ഥാനസമിതി അംഗം കെ.കെ.രാഗേഷ് അന്വേഷണ ഉദ്യേഗസ്ഥനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കി പൊതുജനമധ്യത്തില്‍ അവഹേളിക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചത്. ടി.പി.വധക്കേസില്‍ അറസ്റിലായ സരിന്‍ ശശിയുടെ മൊഴിയെന്ന രീതിയില്‍ വാര്‍ത്ത പുറത്തുവിട്ടത് തന്നെ അപമാനിക്കാന്‍ ലക്ഷ്യമിട്ടാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. ഡിവൈഎസ്പിക്കെതിരായ നോട്ടീസിന്റെ പകര്‍പ്പ് ഡിജിപിക്കും നല്‍കിയിട്ടുണ്ട്. ടി.പി ചന്ദ്രശേഖരന്‍ വധത്തിന്റെ ബുദ്ധികേന്ദ്രമെന്ന് അന്വേഷണ സംഘം വിശേഷിപ്പിച്ച സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം പി.കെ കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് രാഗേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.